മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള തർക്കത്തിൽ മഞ്ഞുരുകിയെന്ന് വ്യക്തമാക്കി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പരസ്പരം നടത്തിയ പരാമർശങ്ങൾ എല്ലാം മറന്നുവെന്നും മുഖ്യമന്ത്രിയുമായി നിലവിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്നം ജയന്തി ആഘോഷ പരിപാടിയിലേക്ക് ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്നും അനുകൂല മറുപടി ലഭിച്ചുവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
നേരത്തെ നടത്തിയ പരാമർശങ്ങൾ ഏത് സാഹചര്യത്തിലായിരുന്നുവെന്ന് വി.ഡി. സതീശൻ ബോധ്യപ്പെടുത്തി. കുറച്ചു വൈകിപ്പോയെങ്കിലും അത് തങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും പരസ്പരം എല്ലാം പറഞ്ഞ് അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇനി മുഖ്യമന്ത്രിയുമായി സൗഹൃദത്തോടെ മുന്നോട്ടുപോകുമെന്നും, അദ്ദേഹം കൂടി അങ്ങനെ നിൽക്കണമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
എൻ.എസ്.എസ് ആർക്കും അമിതമായി വിധേയപ്പെടില്ലെന്നും സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ മുന്നിൽ ഒരാവശ്യവും വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കണമെന്നത് മാത്രമാണ് ആവശ്യം. അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ സർക്കാർ കുറച്ചുകൂടി നയപരമായ സമീപനം സ്വീകരിക്കണമെന്നും സമരപ്പന്തൽ പൊളിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നും സുകുമാരൻ നായർ പ്രതികരിച്ചു.















