പുതിയ കെ.പി.സി.സി അധ്യക്ഷനെ കണ്ടെത്തുന്നതിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനിടയിൽ സമവായമായില്ല. അധ്യക്ഷ പദവിക്കായി നേതാക്കൾക്കിടയിൽ അവകാശവാദങ്ങളും ചരടുവലികളും ശക്തമായതോടെ, തർക്കം മുറുകുന്ന സാഹചര്യത്തിൽ അധ്യക്ഷ മാറ്റം ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. ഒറ്റപ്പേരിലേക്ക് എത്താത്തതിനാൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ തൽക്കാലം പദവിയിൽ തുടർന്നേക്കും.
സംസ്ഥാന മന്ത്രിസഭാ പദവി വഹിക്കുന്നതിനൊപ്പം അധ്യക്ഷ സ്ഥാനവും സണ്ണി ജോസഫ് വഹിക്കുന്നതിൽ പ്രശ്നമില്ലെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നൽകുന്നത്. കർണാടകയിൽ ഉപമുഖ്യമന്ത്രി പദവിക്കൊപ്പം ഡി.കെ. ശിവകുമാറും, തെലങ്കാനയിൽ മുഖ്യമന്ത്രി പദവിക്കൊപ്പം രേവന്ത് റെഡ്ഡിയും പി.സി.സി അധ്യക്ഷ സ്ഥാനങ്ങൾ ഒരുമിച്ച് വഹിച്ച മാതൃകകളാണ് ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നത്. സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാൻ സണ്ണി ജോസഫിന് കേന്ദ്ര നേതൃത്വം നിർദേശം നൽകിയതായാണ് വിവരം.
വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനവും രാഹുൽ ഗാന്ധിയുടെ അമേരിക്കൻ യാത്രയും കാരണം ദേശീയ നേതൃത്വം തിരക്കിലായതിനാൽ കേരളത്തിലെ അധ്യക്ഷ മാറ്റം സംബന്ധിച്ച ചർച്ചകൾ ഇനിയും നീളാനാണ് സാധ്യത. എല്ലാവർക്കും സ്വീകാര്യമായ ഒരു പേരിലേക്ക് എത്താതെ തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നത് പാർട്ടിയിൽ പുതിയ വിഭാഗീയതയ്ക്ക് വഴിവെക്കുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്.















