ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനൊപ്പം പ്രതിപ്പട്ടികയിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം (SIT) ഒരുങ്ങുന്നു. അബ്ദുറഹിമാനെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതിന് പിന്നാലെ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാലുടൻ അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
മുൻ മന്ത്രി വി. അബ്ദുറഹിമാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യവാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ പ്രതിചേർത്തായിരിക്കും എസ്.ഐ.ടി കോടതിയിൽ റിപ്പോർട്ട് നൽകുക. നിലവിൽ വി. അബ്ദുറഹിമാനും റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനും ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ വി. അബ്ദുറഹിമാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനായി പണം മുടക്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുള്ളതിനാൽ പ്രതിപ്പട്ടികയിൽ ഇനിയും കൂടുതൽ പേർ ഉൾപ്പെടാൻ സാധ്യതയുണ്ട്.















