ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണ നീക്കങ്ങൾക്കിടെ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട്. ദേശീയ സുരക്ഷ സംബന്ധിച്ച നിർണ്ണായക വിവരങ്ങളും സൈനിക നീക്കങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളും നെതന്യാഹു തനിക്ക് കൈമാറുന്നില്ലെന്ന് ഐസൻകോട്ട് ആരോപിച്ചു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹം അറ്റോർണി ജനറൽ ഗാലി ബഹരവ്-മിയാരയ്ക്ക് കത്ത് നൽകി.
സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഐസക് ഹെർസോഗ് തന്നെ ക്ഷണിച്ച സാഹചര്യത്തിൽ, കൃത്യമായ സുരക്ഷാ റിപ്പോർട്ടുകൾ ലഭിക്കേണ്ടത് തന്റെ അവകാശമാണെന്ന് ഐസൻകോട്ട് വ്യക്തമാക്കി. അടിയന്തര ഭീഷണിയില്ലാതെ ഭരണമാറ്റ കാലയളവിൽ സൈനിക നടപടികൾക്ക് മുതിരരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനെതിരെ സൈനിക നീക്കത്തിന് നെതന്യാഹു ശ്രമിക്കുന്നതായുള്ള മാധ്യമ റിപ്പോർട്ടുകൾക്കിടെയാണ് ഐസൻകോട്ടിന്റെ ഈ ഇടപെടൽ. എന്നാൽ ദേശീയ സുരക്ഷയെ രാഷ്ട്രീയവൽക്കരിക്കാനാണ് ഐസൻകോട്ട് ശ്രമിക്കുന്നതെന്നും സർക്കാർ തീരുമാനങ്ങളെല്ലാം സുരക്ഷാ പരിഗണനകളുടെ അടിസ്ഥാനത്തിലാണെന്നും നെതന്യാഹുവിന്റെ ഓഫീസ് തിരിച്ചടിച്ചു.
കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ നെതന്യാഹു നിലവിൽ കാവൽ പ്രധാനമന്ത്രിയായി തുടരുകയാണ്. 53 സീറ്റുകൾ നേടിയ നെതന്യാഹുവിന്റെ സഖ്യത്തേക്കാൾ കൂടുതൽ പാർലമെന്റ് അംഗങ്ങളുടെ ശുപാർശ ലഭിച്ചതോടെയാണ് 48 സീറ്റുകളുള്ള സഖ്യത്തിന് നേതൃത്വം നൽകുന്ന ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ചുമതലപ്പെടുത്തിയത്.















