വലിയ തർക്കങ്ങൾക്ക് വഴിവച്ച വൈദ്യുതി പർച്ചേസ് വിവാദം സമവായത്തിലേക്ക്. ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരായ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും പങ്കെടുത്തു.
നിലവിൽ വൈദ്യുതി ക്ഷാമമില്ലെന്നും രണ്ട് മാസത്തേക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഭാവി മുന്നിൽ കണ്ട് പുതിയ കരാറിനുള്ള സാധ്യത തേടാൻ ചർച്ചയിൽ ധാരണയായി. സണ്ണി ജോസഫ് ചർച്ചയിൽ എതിർപ്പൊന്നും ഉയർത്തിയില്ല. കെഎസ്ഇബി എംഡിയുമായി പ്രത്യേകം ചർച്ച നടത്തിയതല്ലെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം കണ്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ബോർഡ്-കോർപറേഷൻ ചർച്ചയ്ക്കിടെയായിരുന്നു വൈദ്യുതി വിവാദവും ചർച്ച ചെയ്തത്.
ജിഎൻഎയുമായുള്ള വൈദ്യുതി കരാർ റദ്ദാക്കിയതിലും ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം സംശയനിഴലിലായതിലുമാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് അതൃപ്തിയുണ്ടായത്. ജിഎൻഎയിൽ നിന്ന് തൽക്കാലം വൈദ്യുതി വാങ്ങില്ലെന്ന് താൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞത് വിവാദമായിരുന്നു. എന്നാൽ ബോർഡ് അയച്ച ഫയൽ മന്ത്രിയാണ് തനിക്ക് അയച്ചതെന്നും തീരുമാനമെടുത്ത ശേഷം മന്ത്രിക്ക് തിരിച്ചയച്ചെന്നും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.
വിവാദങ്ങൾക്കിടെ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് ഇന്നലെ സണ്ണി ജോസഫിനെ കണ്ടു. ഇതുവരെയുണ്ടായ സംഭവവികാസങ്ങൾ ചെയർമാൻ മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. തുടർന്നാണ് ക്ലിഫ് ഹൗസിൽ മഞ്ഞുരുകൽ ചർച്ച നടന്നത്.















