റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തൽ പുനഃസ്ഥാപിച്ചതിന് ഡിവൈഎഫ്ഐക്കും എൽപിഎസ്ടി സമരസമിതിക്കും എതിരെയാണ് കേസ്. പന്തൽ പൊളിച്ച് മണിക്കൂറുകൾക്കകം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വീണ്ടും കെട്ടിയിരുന്നു. പൊലീസിനെ തടഞ്ഞതിന് യുവമോർച്ച പ്രവർത്തകർക്കെതിരെയും മറ്റൊരു കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് സമരപ്പന്തൽ ബലമായി പൊളിച്ചത്. നിരാഹാര സമരം നടത്തിയിരുന്ന വളർമതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഉദ്യോഗാർഥിയായ ജയകൃഷ്ണൻ നിരാഹാരം ഏറ്റെടുത്തു. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെയാണ് തങ്ങളെ നീക്കാൻ ശ്രമിച്ചതെന്നും അവർ ആരോപിച്ചു.
സുപ്രീംകോടതി വിധി പ്രകാരമാണ് പന്തൽ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താൽക്കാലിക പന്തൽ പൊളിച്ചില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. നടക്കാനുള്ള അവകാശം നിഷേധിച്ച് പന്തൽ കെട്ടിയാൽ പൊളിക്കണമെന്നാണ് കോടതി നിർദേശമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അരുൺ ബി. കൃഷ്ണ പറഞ്ഞു. കോടതിയലക്ഷ്യത്തിന് ഉദ്യോഗസ്ഥർക്കെതിരെ കേസ് വന്നതോടെയാണ് നടപടിയെന്നും പലതവണ നോട്ടീസ് നൽകിയ ശേഷമാണ് പന്തൽ പൊളിച്ചതെന്നും അദ്ദേഹം അറിയിച്ചു.
പൊലീസ് നടപ്പാക്കുന്നത് സർക്കാരിന്റെ വാക്കുകളാണെന്ന് വളർമതി പ്രതികരിച്ചു. പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നതിൽ വിരോധമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും അവർ പറഞ്ഞു.















