വൈദ്യുതി കരാറിനെച്ചൊല്ലി യുഡിഎഫ് സർക്കാരിൽ ഭിന്നത പരസ്യമായി. വൈദ്യുതി മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലാണ് പരസ്യ ഏറ്റുമുട്ടൽ. ഒരു മന്ത്രി മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തു വരുന്നത് അപൂർവമാണ്.
വൈദ്യുതി പ്രതിസന്ധിയുണ്ടെന്നാണ് സണ്ണി ജോസഫിന്റെ നിലപാട്. പ്രതിസന്ധിയില്ലെന്ന് പറയുന്നത് ജിഎൻഎ കരാർ വേണ്ടെന്നു വയ്ക്കാനാണെന്ന് അദ്ദേഹം തുറന്നടിച്ചു. എന്തിനാണ് കരാർ വേണ്ടെന്നു വയ്ക്കുന്നതെന്ന് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു. പവർ സെക്രട്ടറിയും വൈദ്യുതി ബോർഡ് ചെയർമാനും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുത്തതിലുള്ള പ്രതിഷേധമാണ് പുറത്തുവരുന്നതെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി ഇത് തള്ളി. വൈദ്യുതി ബോർഡ് അയച്ച ഫയൽ മന്ത്രിയാണ് തനിക്ക് അയച്ചതെന്നും തീരുമാനമെടുത്ത ശേഷം മന്ത്രിക്കു തന്നെ തിരിച്ചയച്ചെന്നും അദ്ദേഹം പറഞ്ഞു. സമ്മർദ്ദമുണ്ടാക്കി കരാറിൽ ഒപ്പിടീക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചതോടെ തർക്കം പുതിയ തലത്തിലായി.
സർക്കാരിന് കൂട്ടുത്തരവാദിത്തമില്ലെന്ന് യുഡിഎഫ് കൺവീനർ പരസ്യമായി വിമർശിച്ചതിന് പിന്നാലെയാണ് സണ്ണി ജോസഫും രംഗത്തെത്തിയത്. അടൂർ പ്രകാശ് വിഷയത്തിൽ ചേരിപ്പോര് രൂക്ഷമായപ്പോൾ പരസ്യവിഴുപ്പലക്കൽ പാടില്ലെന്ന് നിർദ്ദേശിച്ചത് സണ്ണി ജോസഫ് തന്നെയായിരുന്നു. ആ നിർദ്ദേശം നിലവിലിരിക്കെയാണ് അദ്ദേഹം തന്നെ പരസ്യവിമർശനത്തിലേക്ക് കടന്നത്.















