കേരളത്തിലെ സഹകരണ മേഖലയിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം തിരികെ ലഭിക്കാതെ പ്രതിസന്ധിയിലായ നിക്ഷേപകരുടെ പ്രതിഷേധം ശക്തമാകുന്നു. കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ (CDF) നേതൃത്വത്തിൽ നവംബർ 14-ന് എറണാകുളത്ത് കരിങ്കൊടി പ്രകടനവും ധർണ്ണയും നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകിട്ട് 6 വരെ ഹൈക്കോടതിക്ക് സമീപമുള്ള വഞ്ചി സ്ക്വയറിലാണ് പ്രതിഷേധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രക്ഷോഭ ധർണ്ണ മുൻ തമിഴ്നാട് ചീഫ് സെക്രട്ടറിയും റബ്ബർ ബോർഡ് മുൻ ചെയർമാനുമായ പി.സി. സിറിയക് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ അഞ്ഞൂറിലേറെ സഹകരണ സംഘങ്ങളിലായി ലക്ഷക്കണക്കിന് നിക്ഷേപകർക്കായി 15,000 കോടിയോളം രൂപ കുടിശ്ശിക കിടക്കുമ്പോൾ പ്രശ്ന പരിഹാരം കാണാതെ സർക്കാർ സഹകരണ വാരാഘോഷം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ക്രമക്കേടുകൾ മൂലം മുതിർന്ന പൗരന്മാരും രോഗികളുമായ നിക്ഷേപകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
നിക്ഷേപത്തുകയും പലിശയും സമയബന്ധിതമായി മടക്കി നൽകുക, ബഡ്സ് (BUDS) ആക്ട് പ്രകാരം കേസെടുത്ത് കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടുക, സഹകരണ പുനരുദ്ധാരണ നിധിയും നിക്ഷേപക ഗ്യാരണ്ടി ഫണ്ടും ഉപയോഗിച്ച് കുടിശ്ശിക തീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സർക്കാരും സഹകരണ വകുപ്പും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.എ. തോമസ്, സംസ്ഥാന സെക്രട്ടറി എ.സി. ബേബിച്ചൻ, ജില്ലാ പ്രസിഡന്റ് സാബു മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.















