ബംഗളൂരു: ഗോവ-മംഗളൂരു (മഡ്ഗാവ് – യശ്വന്ത്പൂർ) വന്ദേഭാരത് എക്സ്പ്രസ് ബംഗളൂരുവിലേക്ക് നീട്ടി. നീട്ടിയ പുതിയ സർവീസ് നവംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമർപ്പിക്കും. ആഴ്ചയിൽ ആറു ദിവസമായിരിക്കും ഇരുദിശകളിലേക്കും ട്രെയിൻ സർവീസ് നടത്തുക. ബംഗളൂരുവിൽ നിന്ന് ബുധനാഴ്ചയും ഗോവയിൽ നിന്ന് വ്യാഴാഴ്ചയും സർവീസ് ഉണ്ടാകില്ല.
രാവിലെ 7.35-ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.55-ന് ഗോവയിലെത്തും. തിരികെ ഗോവയിൽ നിന്ന് രാവിലെ 8.20-ന് പുറപ്പെട്ട് രാത്രി 9.15-ന് യശ്വന്ത്പൂരിൽ എത്തിച്ചേരും. ശ്രാവണബലഗോള, ഹാസൻ, സക്ലേഷ്പൂർ, സുബ്രഹ്മണ്യ റോഡ്, കബക്കാപുത്തൂർ, മംഗളൂരു ജംഗ്ഷൻ, തൊക്കൂർ, ഉഡുപ്പി, കുന്താപ്പുര, മൂകാംബിക റോഡ് ബൈന്ദൂർ, മുരുഡേശ്വർ, ഗോകർണ റോഡ്, കാർവാർ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. മണിക്കൂറിൽ 54
കിലോമീറ്റർ മാത്രമായിരിക്കും ട്രെയിനിന്റെ ശരാശരി വേഗത. രാജ്യത്തെ വന്ദേഭാരത് സർവീസുകളിൽ ഏറ്റവും വേഗം കുറഞ്ഞ സർവീസുകളില ഒന്നാകും ഇത്. അതേസമയം, ഗോവ-മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് ബംഗളൂരുവിലേക്ക് നീട്ടിയിരിക്കുന്നത്.















