ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖയ്ക്ക് മാവേലിക്കര
കോടതിയുടെ നോട്ടീസ്. കേസിൽ നേരിട്ട് ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് കോടതി നടപടി.
ഒക്ടോബർ 14-ന് പുനലൂരിൽ സംഘടിപ്പിച്ച ബി.ജെ.പി പ്രതിഷേധ ജനസഭയിലാണ് ആർ. ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പ്രസംഗം. ഈ സംഭവത്തിൽ യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പുനലൂർ പോലീസ് ശ്രീലേഖയ്ക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ്സെടുത്തിരുന്നു.















