കൊച്ചി: പുനർജനി പദ്ധതിയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ.എം. ഷാജഹാൻ കേരള ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ വിജിലൻസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ആദ്യത്തെ വിജിലൻസ് റിപ്പോർട്ടിൽ സി.ബി.ഐ അന്വേഷണം നിർദേശിച്ചിരുന്നതായും എന്നാൽ പിന്നീട് നൽകിയ റിപ്പോർട്ടിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിക്കുകയുമായിരുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ റിപ്പോർട്ട് റദ്ദാക്കി മണപ്പാട്ട് ഫൗണ്ടേഷനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നാണ് ആവശ്യം. വി.ഡി. സതീശന്റെ വിദേശയാത്രയിലും ധനസമാഹരണത്തിലും അന്വേഷണം അനിവാര്യമാണെന്നും കെ.എം. ഷാജഹാൻ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.















