ഏറ്റുമാനൂർ: രാജഭരണകാലത്ത് സ്ഥാപിതമായി പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഏറ്റുമാനൂർ എസ്. എം. എസ്. എം. പബ്ലിക് ലൈബ്രറി ഭരണസമിതി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജനകീയ മുന്നണി. നിലവിലെ ഭരണസമിതിയുടെ ഏകാധിപത്യ നിലപാടുകളിൽ നിന്നും മാറ്റം ആഗ്രഹിക്കുന്ന ലൈബ്രറി അംഗങ്ങളെ അണിനിരത്തിയാണ് ജനകീയ മുന്നണി മത്സരരംഗത്തിറങ്ങുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആയിരക്കണക്കിന് ലൈബ്രറി അംഗങ്ങളുള്ള പ്രസ്ഥാനത്തിൽ കേവലം 300 പേരെ മാത്രമാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും, നിലവിലെ ഭരണസമിതി സുതാര്യതയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും മുന്നണി ഭാരവാഹികൾ ആരോപിച്ചു. ഏറ്റുമാനൂർ ടൗൺ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന വലിയ ആസ്തിയുള്ള ലൈബ്രറിയും കടമുറികളും ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിൽ വികസിപ്പിക്കാനാണ് ജനകീയ മുന്നണി ലക്ഷ്യമിടുന്നത്.
പി. ജി. കൃഷ്ണൻകുട്ടി നായർ, എം. സി. ജോസ്, അഡ്വ. ടി. പി. മോഹൻദാസ്, രാജു എബ്രഹാം ചൂണ്ടമലക്കുന്നേൽ, ജെ. രാധാകൃഷ്ണക്കുറുപ്പ്, കെ. പി. സാബു, ബി. സുനിൽ കുമാർ, ടി. വി. സുരേഷ്, കെ. ബി. വിജയൻ എന്നിവരാണ് ജനകീയ മുന്നണി സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. സെപ്റ്റംബർ 27-ന് രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ ലൈബ്രറി ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വാർത്താസമ്മേളനത്തിൽ രാജു എബ്രഹാം ചൂണ്ടമലക്കുന്നേൽ, ടി. പി. മോഹൻദാസ്, ജെ. രാധാകൃഷ്ണക്കുറുപ്പ്, ടി. വി. സുരേഷ്, എം. സി. ജോസ് എന്നിവർ പങ്കെടുത്തു.















