രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തി സി.പി.എം. സംസ്ഥാനത്തെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 50 സീറ്റുകളിലാണ് സി.പി.എം വിജയിച്ചത്. കൂടാതെ, അഞ്ച് ജില്ലാ പഞ്ചായത്ത് സീറ്റുകളും പാർട്ടി സ്വന്തമാക്കി. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ചുരുവിലും (Churu) അക്കൗണ്ട് തുറക്കാൻ സി.പി.എമ്മിന് സാധിച്ചു.
തെരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളും മികച്ച പ്രകടനം കാഴ്ചവെച്ചു. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർ.എൽ.പി) 354 പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളും നേടി. ഭാരത് ആദിവാസി പാർട്ടി 168 ജില്ലാ പഞ്ചായത്ത് സമിതി സീറ്റുകൾ സ്വന്തമാക്കിയപ്പോൾ, ബി.എസ്.പി 36 പഞ്ചായത്ത് സമിതി സീറ്റുകളിലും ആം ആദ്മി പാർട്ടി രണ്ട് സീറ്റുകളിലും വിജയിച്ചു.
രാജസ്ഥാനിലെ 41 ജില്ലകളിലായി 7,543 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 1,275 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബർ 22, 28, നവംബർ 3, 14 തീയതികളിലായി നാല് ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. നേരത്തെ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് ഗ്രാമീണ മേഖലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
















