ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളാണ് നിർത്തിവെച്ചത്. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കിയ നടപടി തുടരുമെന്നും കമ്പനി അറിയിച്ചു.
നവംബർ 24 വരെ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകുന്നതിനും യാത്രാ തീയതി മാറ്റുന്നതിനും (റീ-ഷെഡ്യൂളിങ്) സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റ് പ്രമുഖ വിമാനക്കമ്പനികളും സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു.
പശ്ചിമേഷ്യയിൽ ഏറ്റുമുട്ടൽ രൂക്ഷം
അതിനിടെ, യെമനിലെ ഹൂത്തി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. സൗദിയെ ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണം റിയാദിലെ സുപ്രധാന സാമ്പത്തിക വ്യാപാര കേന്ദ്രമായ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ട് ടവറിന് നേരെ എത്തിയതോടെ സൗദി സഖ്യസേന തിരിച്ചടി ശക്തമാക്കി. ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ സംഭരണ ശാലകളും ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും ഉൾപ്പെടെ 60 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി സഖ്യസേന അറിയിച്ചു.
റിയാദിലെ ആക്രമണത്തെ യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ അപലപിക്കുകയും സൗദിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിൽ രണ്ട് മണിക്കൂറിനിടെ രണ്ട് എണ്ണ ടാങ്കറുകൾ കൂടി സ്ഫോടനത്തിനിരയായതായി ഐ.ആർ.ജി.സി അറിയിച്ചു. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂത്തികൾ തിരിച്ചുപിടിച്ചതായും റിപ്പോർട്ടുകളുണ്ട്.
















