വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ വ്യാജ കരാറിലെത്താൻ ശ്രമിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ 51 വർഷമായി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും, കരാറുണ്ടാക്കാൻ അവർക്ക് ആഗ്രഹമുണ്ടെങ്കിലും തനിക്ക് സ്വീകാര്യമായ വ്യവസ്ഥകൾക്ക് തയ്യാറല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അവർക്ക് ഒരു കരാറുണ്ടാക്കാൻ താൽപര്യമുണ്ട്, എന്നാൽ എനിക്ക് സ്വീകാര്യമായ ഒരു കരാറുണ്ടാക്കാൻ അവർ തയ്യാറല്ല. കഴിഞ്ഞ 51 വർഷമായി അവർ നടത്തിക്കൊണ്ടിരിക്കുന്നതുപോലുള്ള ഒരു വ്യാജ കരാറല്ല, മറിച്ച് ഒരു യഥാർത്ഥ കരാറാണ് ഞങ്ങൾക്ക് ഉണ്ടാക്കേണ്ടത്. 51 വർഷമായി അവർ ജനങ്ങളെ കബളിപ്പിക്കുകയാണ്,” ട്രംപ് പറഞ്ഞു. അടുത്തിടെയുണ്ടായ എണ്ണവിലയിടിവിനെക്കുറിച്ച് പരാമർശിക്കവെയാണ് ട്രംപ് ഇറാൻ വിഷയത്തിലേക്ക് കടന്നത്. ഭാവിയിലെ എണ്ണവില ഇറാനുമായുള്ള ഒത്തുതീർപ്പിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ തലസ്ഥാനത്തെ ആക്രമിക്കാൻ ഇറാൻ ബോംബ് നിർമ്മിക്കാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ച ട്രംപ്, അത്തരം അഭ്യൂഹങ്ങൾ സത്യമാണെങ്കിൽ കണ്ടെത്തുമെന്നും യാതൊരു കാരണവശാലും അത് അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
യുറേനിയം വിട്ടുനൽകില്ലെന്ന് ഇറാൻ
അതേസമയം, ട്രംപിന് മറുപടിയുമായി ഇറാൻ രംഗത്തെത്തി. നീതിപൂർവ്വമായ യുദ്ധ പരിഹാരം സാധ്യമാണെന്ന് ഇറാൻ പാർലമെന്ററികാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ച്ചി പ്രതികരിച്ചു. എന്നാൽ 60 ശതമാനം യുറേനിയം ശേഖരം ഇറാനിൽ തന്നെ നിലനിർത്തണമെന്നും, ഇത് പുറത്തുകൊണ്ടുപോകണമെന്ന അമേരിക്കയുടെ ആവശ്യം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുറേനിയം ഇറാന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും മധ്യസ്ഥരിലൂടെ അമേരിക്കയുമായി ആശയവിനിമയം തുടരുകയാണെന്നും മന്ത്രി ഇറാൻ മാധ്യമങ്ങളോട് പറഞ്ഞു.
















