പശ്ചിമേഷ്യയിലെ യുദ്ധവും സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിനുള്ള പരിഹാര നിർദ്ദേശങ്ങളും ഉപാധികളും അമേരിക്കയെ ഔദ്യോഗികമായി അറിയിച്ചതായി ഇറാൻ. ഖത്തർ വഴി നടത്തുന്ന പരോക്ഷ സമാധാന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശങ്ങൾ കൈമാറിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങളിൽ ഇറാന്റെ അന്തിമ നിലപാട് യു.എസിനെ അറിയിച്ചിട്ടുണ്ട്. സമാധാന ചർച്ചകളിൽ ഇറാൻ വച്ച ഉപാധികളിൽ അമേരിക്ക വ്യാഴാഴ്ചയോടെ പ്രതികരണം വ്യക്തമാക്കിയേക്കും.
അതേസമയം, ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകാനും മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുകൊടുക്കാനും സമ്മതിച്ചെന്ന മാധ്യമ റിപ്പോർട്ടുകൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ഇത്തരത്തിലുള്ള വാർത്തകൾ പൂർണ്ണമായും കെട്ടുകഥയാണെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആണവ വിഷയത്തിൽ തങ്ങൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്ന വാർത്തകൾ ഇറാനും നിഷേധിച്ചിട്ടുണ്ട്.
ഖത്തർ മുഖേന മധ്യസ്ഥ ചർച്ചകൾ സജീവമായി പുരോഗമിക്കുന്നുണ്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ചർച്ചകളുമായി മുന്നോട്ടുപോകാൻ യു.എസ് ആഗ്രഹിക്കുന്നുവെങ്കിൽ സഹകരിക്കാൻ തയ്യാറാണെന്ന് അരാഗ്ച്ചി ആവർത്തിച്ചു. ചർച്ചകളുടെ തുടർച്ചയായി അമേരിക്കയിൽ നിന്നുള്ള നിർണ്ണായക മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















