രാമപുരം: വിശുദ്ധി എന്നത് കേൾക്കുവാനുള്ള വാക്കല്ല, മറിച്ച് ജീവിതത്തിൽ തെളിയിക്കാനുള്ള സുവിശേഷമാണെന്ന് റവ. ഫാ. ജെയിംസ് നീണ്ടുശ്ശേരി CMI പറഞ്ഞു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് വൈകുന്നേരം 4.30-ന് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തന്റെ കാലഘട്ടത്തിലെ പാവപ്പെട്ടവരുടെയും സമൂഹത്തിന്റെ ശ്രദ്ധ ലഭിക്കാത്തവരുടെയും വേദന കണ്ടറിഞ്ഞ് അവരുടെ അടുത്തേക്ക് ഇറങ്ങിച്ചെന്ന പുണ്യാത്മാവായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ. മറ്റുള്ളവർക്ക് പ്രശ്നമായി തോന്നിയ മനുഷ്യരിൽ ദൈവത്തിന്റെ സൃഷ്ടിയെ കാണാൻ അദ്ദേഹത്തിന് സാധിച്ചു. വിശുദ്ധി എന്നത് ലോകത്തിൽ നിന്ന് അകന്നുനിൽക്കുന്നതല്ല, മറിച്ച് ലോകത്തിന്റെ മുറിവുകളിലേക്ക് ദൈവത്തിന്റെ ഹൃദയവുമായി ഇറങ്ങിച്ചെല്ലുന്നതാണെന്ന വലിയ സത്യമാണ് കുഞ്ഞച്ചന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















