കോട്ടയം: ഗാന്ധിജയന്തി വാരാഘോഷ സമാപനത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിലും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഗാന്ധി ഉത്സവ്’ ഇന്ന് (ഒക്ടോബർ 8, വ്യാഴം) നടക്കും. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഗാന്ധിജിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന ചിത്രപ്രദർശനം, ഗാന്ധിജിയുടെ ആത്മകഥയുടെ 18 ഭാഷകളിലുള്ള പതിപ്പുകളുടെ പ്രദർശനം, ചർക്ക സൂത്രയജ്ഞം, തത്സമയ ക്വിസ് തുടങ്ങിയ വിവിധ പരിപാടികൾ ഗാന്ധി ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
രാവിലെ 10-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് കാവാലം ഉദ്ഘാടനം നിർവഹിക്കും. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് ആമുഖ പ്രഭാഷണം നടത്തും.
മുനിസിപ്പൽ കൗൺസിലർ ചാൾസ് മാത്യു പാലാത്ര, സ്കൂൾ പ്രിൻസിപ്പൽ ഷിജി ജോൺസൺ, യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കൺവീനർ എം.എ. സജ്ജാദ്, ജില്ലാ കോ-ഓർഡിനേറ്റർ ശ്യാം സാംസൺ, പി.ടി.എ പ്രസിഡന്റ് ജീൻ സോജൻ, അധ്യാപകൻ എം.ജെ. സിനോമോൻ തുടങ്ങിയവർ പങ്കെുടുക്കും.















