കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധത്തില് പ്രധാന പങ്ക് വഹിച്ചവരില് ഇടതു വിദ്യാര്ത്ഥി സംഘടനകളുമുണ്ടായിരുന്നു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ വിദ്യാര്ത്ഥി സംഘടനകള് തുടക്കം മുതല് തന്നെ സിജെപിക്കൊപ്പം ജന്തര്മന്തറില് ഉണ്ടായിരുന്നതും നമ്മള് കണ്ടു. പാറ്റകളുടെ ഐതിഹാസിക
സമരത്തില് ഇടതു വിദ്യാര്ത്ഥി സംഘടനകള് വഹിച്ച പങ്ക് ചെറുതൊന്നുമല്ല.സിജെപിയുടെ സമരം ജൂണ് 20ന് ജന്തര്മന്തറില് ആരംഭിച്ചപ്പോള് പിന്തുണ നല്കാന് കോണ്ഗ്രസിന്റെ വിദ്യാര്ത്ഥി സംഘടനയായ എന്എസ്യുഐ പോലുള്ളവര് മടിച്ചുനിന്ന ഇടത്തേക്കാണ് ഇടത് വിദ്യാര്ത്ഥി സംഘടനകള് യാതൊരു മടിയും ഇല്ലാതെ കടന്നുവന്നത്. സിജെപിക്ക് പിന്നില് ആരെന്നതല്ല മറിച്ച്
അവര് ഉയര്ത്തിയ ആവശ്യങ്ങളോട് ആയിരുന്നു എസ്എഫ്ഐ പോലുള്ള ഇടത് സംഘടനകളുടെ പിന്തുണ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്രപ്രധാന്റെ രാജിയും എന്ടിഎ പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങള് ഇടത് വിദ്യാര്ത്ഥി സംഘടനകളും ഉയര്ത്തിയതായിരുന്നു. ഇതോടെയാണ് ജന്തര്മന്തറിലെ സിജെപി സമരവേദിയില് ഇടത് വിദ്യാര്ഥി സംഘടനകളും ഇരിപ്പിടം ഉറപ്പിച്ചത്.















