മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കുന്നത് വരെ പ്രതിഷേധ സമരം തുടരുമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി വ്യക്തമാക്കി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂർണമായും നിഷ്പക്ഷവും
സുതാര്യവുമാകുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നും പോരാട്ടം വഴിയിൽ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വോട്ടർ പട്ടികയിൽ നിന്ന് വ്യാജമായി പേരുകൾ നീക്കം ചെയ്യുന്നത് സാധാരണക്കാരായ വോട്ടർമാരുടെ അവകാശങ്ങൾ ഇല്ലാതാക്കുമെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇതിനെതിരെ അടുത്ത ഒന്നര മാസത്തിനുള്ളിൽ പഞ്ചായത്ത് തലത്തിൽ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ) എന്ന പേരിൽ രാജ്യവ്യാപക പ്രചാരണത്തിന് കോൺഗ്രസ് തുടക്കം കുറിക്കും. വോട്ടർ ഐ.ഡി കാർഡുകൾ പല സർക്കാർ സേവനങ്ങൾക്കും അനിവാര്യമായ സാഹചര്യത്തിൽ പേരുകൾ വെട്ടിമാറ്റുന്നത് ജനങ്ങളെ സാരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















