കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേള (ശാസ്ത്രോത്സവം) നവംബർ 10, 11 തീയതികളിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. 13 സബ്ജില്ലകളിൽ നിന്നായി 4500-ഓളം വിദ്യാർത്ഥികളാണ് രണ്ടു ദിവസത്തെ മേളയിൽ പങ്കെടുക്കുന്നത്. സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് കൂടാതെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, സെന്റ് അലോഷ്യസ് എൽ.പി.എസ്, സെന്റ് മേരീസ് എൽ.പി.എസ് എന്നീ വിദ്യാലയങ്ങളും മത്സരവേദികളാകും.
നവംബർ 10 രാവിലെ 9.30-ന് സുരേഷ് കുറുപ്പ് എം.എൽ.എയുടെ (നാട്ടകം) അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജലസേചന ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ലോഗോ ഡിസൈനിങ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. വൈശാഖ് നിർവഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ പ്രദീപ്കുമാർ വി. നന്ദിയും പറയും.
ബുധനാഴ്ച വൈകുന്നേരം 3.30-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. വൈക്കം എം.എൽ.എ കെ. ബിനിമോൻ ഉദ്ഘാടനം നിർവഹിക്കും. വിജയികൾക്കുള്ള സമ്മാനദാനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം നിർവഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ സ്വാഗതവും സയൻസ് ക്ലബ് സെക്രട്ടറി രമേശ് സി.എസ്. നന്ദിയും അർപ്പിക്കും.
വാർത്താസമ്മേളനത്തിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജിം അലക്സ്, കൺവീനർ ജോബി വർഗീസ് കുളത്തറ, രാജേഷ് മാത്യു എന്നിവർ പങ്കെടുത്തു.















