ഇറാനെതിരെ ശക്തമായ രണ്ട് അടിയന്തര നടപടികളുമായി അമേരിക്ക രംഗത്ത്. ഇറാനിലേക്കുള്ള അനധികൃത ആയുധ നീക്കങ്ങൾ തടയാനായി ‘അയൺ ഗേറ്റ്’ (Iron Gate) എന്ന പുതിയ ടാസ്ക് ഫോഴ്സിന് അമേരിക്ക രൂപം നൽകി. കൂടാതെ ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് രണ്ട് കോടി ഡോളർ (ഏകദേശം 165 കോടിയോളം രൂപ) പാരിതോഷികവും യു.എസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു.
മേഖലയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഈ നിർണായക നീക്കം.
കാസ്പിയൻ കടൽ വഴിയും മറ്റു മാർഗ്ഗങ്ങൾ വഴിയും ഇറാനിലേക്ക് സാമഗ്രികൾ എത്തുന്നത് ആയുധ നിർമ്മാണത്തിനാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇത് പ്രതിരോധിക്കാനാണ് അയൺ ഗേറ്റ് രൂപീകരിച്ചത്.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ, സാങ്കേതികവിദ്യ, പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തികൾ തുടങ്ങിയ വിവരങ്ങൾ കൈമാറുന്നവർക്കാണ് യു.എസ് സെൻട്രൽ കമാൻഡ് വൻ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.
അമേരിക്ക തങ്ങളുമായി യുദ്ധത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി നൽകേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.















