കേന്ദ്ര സർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് സി.ജെ.പി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. കൊച്ചിയിൽ നടന്ന ‘ജന്തർ മന്തർ@കൊച്ചി’ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപിന്റെ താരിഫ് ഭീഷണിക്ക് മുന്നിൽ മോദി കീഴടങ്ങിയെന്നും അദ്ദേഹം അമേരിക്കൻ പ്രസിഡന്റിന്റെ കളിപ്പാവയായി പ്രവർത്തിക്കുകയാണെന്നും അഭിജീത് ദീപ്കെ ആരോപിച്ചു.
സി.ജെ.പിക്ക് വിദേശ ഫണ്ട് കിട്ടുന്നുണ്ടെന്ന ബി.ജെ.പി ആരോപണം തള്ളിയ അദ്ദേഹം, വിദേശ ഫണ്ട് ലഭിക്കുന്നത് സി.ജെ.പിക്കല്ല, രാജ്യത്തെ വിറ്റ മോദിക്കാണെന്ന് ആരോപിച്ചു. എത്ര വർഷം ഭരിച്ചാലും നരേന്ദ്ര മോദിക്ക് ജവാഹർലാൽ നെഹ്റുവിനോ ഗാന്ധിജിക്കോ ഒപ്പം നിൽക്കാനാവില്ലെന്നും, 2029-ൽ മോദി അധികാരത്തിൽ നിന്ന് പുറത്തുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലും രാജ്യത്തും മതം പറഞ്ഞ് കലാപം ഉണ്ടാക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും തങ്ങൾ കലാപം ഉണ്ടാക്കാൻ വന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി സമരം അടിച്ചമർത്താൻ കേന്ദ്രം പരമാവധി ശ്രമിച്ചെങ്കിലും ശക്തമായി തിരികെ വരുമെന്നും താൻ ജയിലിൽ പോയത് ദേശീയ പതാക ഉയർത്തിയതിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















