തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കേസ് സി.ബി.ഐ അന്വേഷണത്തിന് വിടുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് ഡി.ജി.പിയും അഡ്വക്കേറ്റ് ജനറലും (എ.ജി) സർക്കാരിന് നിയമോപദേശം നൽകി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ഈ നിയമോപദേശം. സി.ബി.ഐയ്ക്ക് പകരം പുതിയ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. ഇതോടെ അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ അന്തിമ തീരുമാനം ഇനിയും നീളും.
കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് ജൂൺ നാലിനായിരുന്നു അന്വേഷണം സി.ബി.ഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം ആദ്യം സി.ബി.ഐക്ക് വിടാൻ തീരുമാനിച്ച കേസായിരുന്നു ഇത്. സി.പി.എം നേതാവ് പി.പി ദിവ്യ പ്രതിയായ കേസിൽ ഇതൊരു രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു. എന്നാൽ ഡി.ജി.പിയും എ.ജിയും നൽകിയ നിയമോപദേശം സർക്കാർ നീക്കത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. നേരത്തെ നവീൻ ബാബുവിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും, സാങ്കൽപ്പിക വാദങ്ങൾ സി.ബി.ഐയെ കേസ് ഏൽപ്പിക്കാൻ പര്യാപ്തമല്ലെന്നും എല്ലാ കേസും സി.ബി.ഐക്ക് വിടാൻ കഴിയില്ലെന്നും വ്യക്തമാക്കി കോടതികൾ ആവശ്യം തള്ളുകയായിരുന്നു.
രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ സർക്കാർ സുപ്രീം കോടതി നിലപാടിന്റെ പശ്ചാത്തലത്തിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാൻ സാധ്യതയില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന കുടുംബത്തിന്റെ ആരോപണം യു.ഡി.എഫ് നേരത്തെ ഏറ്റെടുത്തിരുന്നതിനാൽ, സി.ബി.ഐ അന്വേഷണത്തിൽ നിന്ന് പിന്നോട്ടുപോയാൽ അത് രാഷ്ട്രീയമായും വലിയ തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്.
സ്ഥലംമാറ്റം ലഭിച്ച് സ്വദേശത്തേക്ക് മടങ്ങാനിരിക്കെ ഒക്ടോബർ 14-ന് കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രം അനുസരിച്ച് സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതി.
















