തിരുവനന്തപുരം: കേരളത്തിൽ വിൽക്കുന്ന പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താനുള്ള പരിശോധനയിൽ അനിശ്ചിതത്വം തുടരുന്നു. താരതമ്യ പഠനത്തിനായി കലർപ്പില്ലാത്ത ശുദ്ധമായ പെട്രോൾ നൽകാതെ എണ്ണക്കമ്പനികൾ നിസ്സഹകരിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ആധുനിക ഗ്യാസ് ക്രോമറ്റോഗ്രഫി പരിശോധനയ്ക്കായി സർക്കാർ കിറ്റുകൾ ഉൾപ്പെടെ വാങ്ങിയിരുന്നെങ്കിലും ശുദ്ധമായ പെട്രോൾ നൽകാൻ ചട്ടമില്ലെന്നാണ് കമ്പനികളുടെ വാദം. ഇതോടെ രാസവസ്തുക്കൾ കലർത്തിയുള്ള പരമ്പരാഗത പരിശോധന നടത്താനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.
രാജ്യത്ത് അനുവദനീയമായ എഥനോൾ അളവ് 20 ശതമാനമായിരിക്കെ, കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ പെട്രോളിൽ 31 ശതമാനം എഥനോൾ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി കേരളത്തിലും പരിശോധന നടത്താൻ തീരുമാനിച്ചത്. സർക്കാർ ലാബുകളിൽ ഗ്യാസ് ക്രോമറ്റോഗ്രഫി പരിശോധന നടത്തുന്നതിനായി എണ്ണക്കമ്പനികളിൽ നിന്ന് വരുത്തിയ കിറ്റുകൾ മൂന്ന് ദിവസം മുമ്പ് എത്തിയിരുന്നു. എന്നാൽ താരതമ്യ പരിശോധനയ്ക്കായി ശുദ്ധമായ പെട്രോൾ നൽകാൻ കഴിയില്ലെന്ന് കമ്പനികൾ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ അറിയിക്കുകയായിരുന്നു.
അടുത്ത ആഴ്ച ഫലം പുറത്തുവിട്ടേക്കും ഈ സാഹചര്യത്തിൽ സർക്കാർ ലാബുകളിൽ പരമ്പരാഗത രീതിയിലുള്ള രാസപരിശോധന നടത്തി വരുന്ന ആഴ്ച തന്നെ ഫലം പുറത്തുവിടാനാണ് നീക്കം. പരിശോധനയിൽ എഥനോൾ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാൽ കോടതിയെ സമീപിച്ച് കമ്പനികളിൽ നിന്ന് ശുദ്ധമായ പെട്രോൾ ലഭ്യമാക്കാനുള്ള നിയമനടപടികളും സർക്കാർ ആലോചിക്കുന്നുണ്ട്. കർണാടകയിലെ പരിശോധന ശാസ്ത്രീയമല്ലെന്ന് വാദിച്ചാണ് കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും നേരത്തെ ഫലം തള്ളിയത്. അതിനാൽ കേരളത്തിൽ പരമ്പരാഗത പരിശോധന നടത്തുമ്പോൾ കേന്ദ്ര സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നതും നിർണ്ണായകമാണ്. പരിശോധന തടയാനുള്ള എണ്ണക്കമ്പനികളുടെ കുറുക്കുവഴിയാണ് ഇതെന്ന വിമർശനവും ശക്തമാണ്.
















