കോട്ടയം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ജലഗതാഗത വകുപ്പ് നിർമ്മിച്ച പുതിയ ടൂറിസം ബോട്ട് സർവീസിന് വൈക്കത്ത് തുടക്കമായി. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ചെമ്പ് ഗ്രാമപഞ്ചായത്തിലെ മത്സ്യഫെഡിന്റെ പാലാക്കരി അക്വാടൂറിസം സെന്ററിലേക്കാണ് സർവീസ് ആരംഭിച്ചത്.
വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കെ. ബിനിമോൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ആദ്യ ടിക്കറ്റ് വിതരണം അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ മുഖ്യാതിഥിയായിരുന്നു.
ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ. ജെ. ഒ. അരുൺ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു അജി, ലിജി സലഞ്ചരാജ്, കെ.ജെ. സണ്ണി, എസ്. ബിജു, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി, നഗരസഭാംഗം രജിമോൾ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
ആകർഷണങ്ങൾ:
- 75 പേർക്ക് യാത്ര ചെയ്യാവുന്ന ‘ആദിത്യ 3’ എന്ന പരിസ്ഥിതി സൗഹൃദ സോളാർ ബോട്ടാണ് സർവീസിനായി ഒരുക്കിയിരിക്കുന്നത്.
- വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ദിവസവും രാവിലെ 11-നാണ് സർവീസ് ആരംഭിക്കുന്നത്.
- യാത്രക്കാർക്ക് മനോഹരമായ കായൽ കാഴ്ചകൾ, സൂര്യാസ്തമയം, നാടൻ ഭക്ഷണവിഭവങ്ങൾ എന്നിവ ആസ്വദിക്കാനുള്ള സൗകര്യമുണ്ടാകും.















