കണ്ണൂർ ജില്ലയിൽ കിഫ്ബി മുഖേന 12,240 കോടി രൂപ ചെലവഴിച്ച് 4896 ഏക്കർ ഭൂമി ഏറ്റെടുത്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. നടപടിക്രമങ്ങളിലെ വീഴ്ചയും ക്രമക്കേടുകളും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് സംസ്ഥാന വിജിലൻസിന് ചുമതല നൽകി ഉത്തരവിറക്കിയത്.
കിഫ്ബിയുടെ 33-ാമത് യോഗ തീരുമാനപ്രകാരം പാലക്കാട് (470 ഏക്കർ), കണ്ണൂർ (4896 ഏക്കർ) എന്നീ ജില്ലകളിൽ ആകെ 5336 ഏക്കർ ഭൂമി 12,710 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കാനാണ് അംഗീകാരം നൽകിയിരുന്നത്.
ഏറ്റെടുക്കാൻ ഉദ്ദേശിച്ച വിപുലമായ ഭൂവിസ്തൃതിയുടെ ആവശ്യകത വ്യക്തമാക്കുന്ന സമഗ്രമായ ചെലവ്-നേട്ട വിശകലനമോ (Cost-Benefit Analysis) ലാഭകരമായ വാണിജ്യ പദ്ധതികളോ ഇല്ലാതെ, കിൻഫ്ര (KINFRA) സമർപ്പിച്ച വെറുമൊരു ആശയക്കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. വ്യക്തമായ പദ്ധതിഘടനയില്ലാതെ 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഇത്രയും വലിയ തുക ചെലവാക്കിയത് പൊതുഖജനാവിന് വൻ ബാധ്യതയുണ്ടാക്കിയെന്നും സാമ്പത്തിക ജാഗ്രതയിലും പൊതുഫണ്ട് വിനിയോഗത്തിലും ഗുരുതര വീഴ്ചയുണ്ടായെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഭൂമിയുടെ വിലയും നഷ്ടപരിഹാരവും നിർണ്ണയിച്ചതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ, മൂല്യനിർണ്ണയ പ്രക്രിയയിൽ കൃത്രിമം കാട്ടിയിട്ടുണ്ടോ, റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾക്കോ മറ്റ് നിക്ഷിപ്ത താൽപ്പര്യക്കാർക്കോ ഇതിൽ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിജിലൻസ് അന്വേഷണ പരിധിയിൽ വരും.















