ഏറെ വിവാദമായ പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റിലായത്.
ക്രമക്കേട് നടന്ന പ്ലാനിങ് ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതല ഹരിക്കായിരുന്നു. കേസിൽ പ്രതിയായതിനെ തുടർന്ന് ഇയാളെ മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.
ഇതേ കേസിൽ മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ വലംകൈയായ ഹരിയും ചെയർമാനും ചേർന്നാണ് കൂടിയാലോചനകൾ കൂടാതെ തീരുമാനങ്ങൾ എടുത്തിരുന്നതെന്ന് ചില കമ്മീഷൻ അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.















