പാലാ: കാനാട്ടുപാറ ഡമ്പിംഗ് ഗ്രൗണ്ട് വീണ്ടും തുറക്കാനുള്ള പാലാ നഗരസഭയുടെ നീക്കം മാലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കങ്ങൾ എന്ത് വിലകൊടുത്തും ചെറുത്തുതോൽപ്പിക്കുമെന്നും ബിജെപി പാലാ മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരിൽ പറഞ്ഞു. ബിജെപി കാനാട്ടുപാറ 150-ാം നമ്പർ ബൂത്ത് കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തേണ്ട നഗരസഭ, വീണ്ടും കാനാട്ടുപാറയെ മാലിന്യനിക്ഷേപ കേന്ദ്രമാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനുപകരം അവരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്ന സമീപനം നഗരസഭ അവസാനിപ്പിക്കണം. ജനവാസമേഖലകളുടെ ആരോഗ്യസുരക്ഷയും പരിസ്ഥിതിയുടെ സംരക്ഷണവും ഉറപ്പാക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണ്.
കാനാട്ടുപാറയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ അവഗണിച്ച് ഡമ്പിംഗ് ഗ്രൗണ്ട് വീണ്ടും തുറക്കാമെന്ന് ആരും കരുതേണ്ട. മാലിന്യപ്രശ്നത്തിന് ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരം കണ്ടെത്തുന്നതിന് പകരം പഴയ രീതികൾ ആവർത്തിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ ബിജെപി ശക്തമായ ജനകീയ പ്രതിരോധം തീർക്കും.
കാനാട്ടുപാറയെ വീണ്ടും മാലിന്യക്കൂമ്പാരമാക്കാൻ അനുവദിക്കില്ല. ജനങ്ങളുടെ ആരോഗ്യവും നാടിന്റെ പരിസ്ഥിതിയും സംരക്ഷിക്കുന്ന പോരാട്ടത്തിൽ ബിജെപി മുന്നിലുണ്ടാകും. നഗരസഭയുടെ തെറ്റായ തീരുമാനങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗത്തിൽ വ്യക്തമാക്കി.
ബൂത്ത് കമ്മിറ്റി ഉദ്ഘാടനച്ചടങ്ങിൽ മുനിസിപ്പൽ പ്രസിഡന്റ് സണ്ണി മാത്യു കുറിച്ചിയിൽ മണ്ഡലംവൈസ്പ്രസിഡന്റ് മാണി ജോസ്, മുനിസിപ്പൽ വൈസ് പ്രസിഡന്റ് ബിജു കെ. കോട്ടയിൽ, മുനിസിപ്പൽ സെക്രട്ടറി സുനീഷ് പി. കെ. പഴയവീട്, ശുഭസുന്ദർരാജ്, റോയ്, ആന്റണി, വിനീഷ് വിജയൻ, അജിത്ത് വിജയൻ,ഗോപാലൻ കവീക്കുന്ന്,ഷാജി വാരിയാനി,ദിവാകരൻ അമ്പലപ്പുറത്ത്, കെ ജെ തോമസ്, ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു.
കാനാട്ടുപാറയിൽ വീണ്ടും മാലിന്യം തള്ളാനുള്ള നീക്കത്തിന് ബിജെപിയുടെ ശക്തമായ എതിർപ്പ് — ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടും.















