ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യയുടെ (ECI) ആസ്ഥാനമായ ഡൽഹിയിലെ നിർവാചൻ സദന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ രൂക്ഷമായ തർക്കവും സംഘർഷവും. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ (SIR) ആരോപിച്ചുകൊണ്ട് നിർവാചൻ സദന്റെ പ്രധാന കവാടം തകർത്ത് അകത്തുകയറാൻ പ്രവർത്തകരും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി അനുഭാവികളും ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി. അതേസമയം, സമീപത്തുള്ള ആകാശവാണി കോംപ്ലക്സിന് മുന്നിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, മറ്റ് മുതിർന്ന എം.പിമാർ എന്നിവരുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗിക നിവേദനം നൽകാൻ പോലും അനുവദിക്കാതെ കേന്ദ്ര സർക്കാർ വൻ പോലീസ് സന്നാഹത്തെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തടയുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിൽ വൻ ജനരോഷമാണ് രാജ്യത്തുടനീളം ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.















