കൊച്ചി: വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസിലെ രൂക്ഷമായ യാത്രാതിരക്കിന് പരിഹാരമായി പുതിയ ട്രെയിൻ സർവീസിന് റെയിൽവേ മന്ത്രാലയത്തിന്റെ തത്ത്വത്തിൽ അംഗീകാരം. എറണാകുളം–കോട്ടയം–ചെങ്ങന്നൂർ വഴി കൊല്ലത്തേക്ക് പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. പുതിയ സർവീസ് പത്തുദിവസത്തിനകം ആരംഭിക്കാനാണ് നീക്കം.
വൈകിട്ട് 5.20-ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസിന് മുന്നോടിയായി, വൈകിട്ട് നാല് മണിയോടെ എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന രീതിയിലാണ് പുതിയ സർവീസ് ക്രമീകരിക്കുന്നത്. ഇതോടെ എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം വഴി കൊല്ലത്തേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ദിനപത്ര യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
മെമു (MEMU) അല്ലെങ്കിൽ ഐ.സി.എഫ് (ICF) കോച്ചുകൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ കൊല്ലം വരെ സർവീസ് നടത്തുകയും പിന്നീട് ആവശ്യമെങ്കിൽ പുനലൂരിലേക്ക് നീട്ടുന്നതിനുള്ള സാധ്യത പരിശോധിക്കുകയും ചെയ്യുമെന്ന് എം.പി കൂട്ടിച്ചേർത്തു. സർവീസ് സമയബന്ധിതമായി ആരംഭിക്കുന്നതിന് റെയിൽവേ ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പർക്കം പുലർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.















