ചങ്ങനാശ്ശേരി: മാർ തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ തിരുനാൾ ഓർമ്മദിനത്തിൽ പാറേൽ പള്ളി കൂദാശ ചെയ്യപ്പെടുന്നത് ഏറെ സന്തോഷം പകരുന്നതാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാറേൽ മർത്ത്മറിയം ബസിലിക്കയുടെ കൂദാശ ചടങ്ങുകളിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ആർക്കും വിസ്മയം തോന്നിപ്പിക്കാവുന്ന വിധത്തിലുള്ള ദേവാലയമാണ് പാറേൽ പള്ളിയെന്നും, മാർ പെരുന്തോട്ടവും മാർ തറയിലും നേതൃത്വം നൽകിയ വലിയൊരു സ്മാരകമാണിതെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. പള്ളി നിർമ്മാണത്തിൽ വറ്റാത്ത കിണറായി നിന്ന് ആകാരഭംഗി നൽകിയ ഫാ. റെജി പുത്തൻവീട്ടിൽക്കളത്തിലിനെയും, കലാഭംഗി നൽകിയ ജേക്കബ് കുരോത്ത് അച്ചനെയും മുത്തിനാൽ അച്ചനെയും അദ്ദേഹം അനുസ്മരിച്ചു. പൗരസ്ത്യ സഭയുടെയും സുറിയാനി സഭയുടെയും ദൈവശാസ്ത്രവും ഭാരതീയ ശില്പകലയുടെ കുലീനത്വവും ഇണക്കിച്ചേർത്ത ദൈവഭവനമാണ് പാറേൽ പള്ളി. 70 ഐക്കണുകൾകൊണ്ട് സമ്പന്നമായ പള്ളിയുടെ മുകളിലേക്ക് നോക്കിയാൽ മംഗളവാർത്ത മുതൽ പന്തക്കുസ്താ വരെയുള്ള ചിത്രീകരണങ്ങളിലൂടെ സ്വർഗ്ഗത്തെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=ThUmvErplDQ&t=232s
ചങ്ങനാശ്ശേരി അതിവേഗം സഭയുടെ പ്രഭവകേന്ദ്രമായി (എപ്പിസെന്റർ) മാറുകയാണെന്നും, രണ്ട് മേജർ ആർച്ച് ബിഷപ്പുമാരെയും മൂന്ന് കർദ്ദിനാൾമാരെയും സഭയ്ക്ക് നൽകിയ അതിരൂപത നസ്രാണി സഭയുടെ ഏറ്റവും വലിയ കേന്ദ്രമായി മാറിക്കഴിഞ്ഞുവെന്നും മാർ കല്ലറങ്ങാട്ട് സന്ദേശത്തിൽ വ്യക്തമാക്കി. പാറേൽ സെമിനാരിയിൽ പഠിച്ച പ്രഗത്ഭരെ അനുസ്മരിച്ച് പ്രസംഗം തുടങ്ങിയ അദ്ദേഹം, ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന സുറിയാനിയിൽ ചൊല്ലിയാണ് സന്ദേശം അവസാനിപ്പിച്ചത്.
















