പാലാ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സഹായ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗ്രാമീണ കർഷകരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ (PSWS) ആഭിമുഖ്യത്തിൽ കർഷക സദസ്സ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച (എട്ട്) ഉച്ചയ്ക്ക് രണ്ടിന് കളത്തൂക്കടവ് സെന്റ് ജോൺ വിയാനി പള്ളി പാരിഷ് ഹാളിലാണ് പരിപാടി നടക്കുക.
സമ്മേളനത്തിൽ സെന്റ് ജോൺ വിയാനി പള്ളി വികാരി ഫാ. അഗസ്റ്റ്യൻ വരിക്കമാക്കൽ അധ്യക്ഷത വഹിക്കും. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി കർഷക സദസ്സ് ഉദ്ഘാടനം ചെയ്യും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടറും പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാനുമായ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.
ബ്ലോക്ക് പഞ്ചായത്തംഗം ആത്മ മരിയ സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗ്രേസമ്മ തോമസ്, ജിനോ ചേറ്റുകുളം എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. തുടർന്ന് നടക്കുന്ന ബോധവൽക്കരണ ക്ലാസുകൾക്ക് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പി.ആർ.ഒ ഡാന്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം എന്നിവർ നേതൃത്വം നൽകും.
പരിപാടിയുടെ വിജയത്തിനായി ബിനോയ് ഒഴാക്കൽ, ടോണി സണ്ണി, തോമസ് ജോർജ്, ഷീബാ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു.















