ദേശീയ തലത്തിൽ തിളങ്ങിയ പ്രമുഖ വനിതാ ഗുസ്തി താരം അശ്വിനി മനോഹർ പോൾ മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാൽദുർഗ്
കോട്ടയിൽ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് അശ്വിനി മക്കളുമായി ചാടിയത്. കടുത്ത ഭർതൃപീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അശ്വിനിയുടെ പിതാവ് ആരോപിച്ചു.
അപകടത്തിൽ അശ്വിനിയും (32) അവരുടെ ആറ് വയസ്സുള്ള മകനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരട്ട പെൺമക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരിയായ ഒരു മകൾ കൂടി മരണത്തിന് കീഴടങ്ങി. വെന്റിലേറ്ററിലുള്ള രണ്ടാമത്തെ പെൺകുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ നാൽദുർഗ് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

















