പ്രതിപക്ഷ ഉപനേതൃപദവി തർക്കങ്ങൾക്കിടെ ഇടതുമുന്നണിയോഗം നവംബർ അഞ്ചിന് ചേരും. എതിർപ്പുണ്ടെങ്കിലും യോഗത്തിൽ സിപിഐ സഹകരിക്കും. എന്നാൽ പാർലമൻ്ററി പാർട്ടിയോഗത്തിൽ പങ്കെടുക്കില്ല. ഉപനേതൃപദവിയിലെ വിയോജിപ്പ് നിയമസഭക്ക് അകത്ത് മാത്രമായി ഒതുക്കാനാണ് സിപിഐയുടെ തീരുമാനം.അതേസമയം, പാർട്ടിയെ സംഘടനാപരമായി
ശക്തിപ്പെടുത്താൻ സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനമായി. ഏരിയാ കമ്മറ്റികളിലെ ദൗർബല്യങ്ങൾ പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. സംഘടനയെ സമയബന്ധിതമായി ശക്തിപ്പെടുത്താനുള്ള കർമ പദ്ധതി തയാറാക്കും. സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളിലും പ്രചാരണം ശക്തമാക്കും. സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും.
ബ്രാഞ്ചുകളിൽ നിന്ന് വലിയ രീതിയിൽ കൊഴിഞ്ഞു പോക്ക് ഉണ്ടെന്നും ലോക്കൽ, ഏരിയ കമ്മിറ്റികൾ വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്നും വിശാല സംസ്ഥാന, ജില്ലാ കമ്മിറ്റികളിൽ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഘടനയെ ശക്തിപ്പെടുത്താനുള്ള തീരുമാനം. ഭരണത്തിൽ എത്തി നാലു മാസത്തിനുള്ളിൽ തന്നെ യുഡിഎഫിലെ ഭിന്നതകൾ മറനീക്കി പുറത്തുവന്നുവെന്നു സിപിഎം വിലയിരുത്തി.















