സംസ്ഥാനത്തെ അങ്കണവാടികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യുന്ന ‘അമൃതംപൊടി’യിൽ മധുരത്തിനായി ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കും. ഇത് സംബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് അടിയന്തര നിർദ്ദേശം നൽകി. അമൃതംപൊടിയിലെ പഞ്ചസാരയുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന പരാതികളെ തുടർന്ന്, അത് ഒഴിവാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർണ്ണായക നടപടി.
നിലവിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ബാച്ച് പൂർത്തിയായാൽ, അടുത്ത ബാച്ച് നിർമ്മാണം മുതൽ കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും അമൃതംപൊടിയിൽ ചേർക്കുക. എന്നാൽ കുട്ടികളുടെ ആരോഗ്യം മുൻനിർത്തിയുള്ള ഈ പുതിയ മാറ്റം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ കുടുംബശ്രീ നിർമ്മാണ യൂണിറ്റുകൾക്കും അധികൃതർക്കും ആശങ്ക നിലനിൽക്കുന്നുണ്ട്.
ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുമ്പോൾ അമൃതംപൊടിയുടെ ഈർപ്പത്തിന്റെ അളവ് കൂടുകയും അത് കേടുകൂടാതെ സൂക്ഷിച്ചുവെക്കാൻ സാധിക്കുന്ന സമയപരിധി (Shelf Life) ഗണ്യമായി കുറയുകയും ചെയ്യുമെന്നതാണ് പ്രധാന വെല്ലുവിളി. ഇത് വിതരണ ശൃംഖലയെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

















