തിരുവനന്തപുരം: ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായുള്ള പ്രവേശന അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപണം. കഴിഞ്ഞ ഏഴ് വർഷമായി പിന്തുടർന്നുപോരുന്ന അഭിരുചി പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി നേരിട്ട് സ്ഥലമാറ്റ ഉത്തരവിറക്കിയതാണ് വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഭരണാനുകൂലികളായ പോലീസ് ഉദ്യോഗസ്ഥരെ തിരുകിക്കയറ്റാനാണ് പരീക്ഷ ഒഴിവാക്കിയതെന്ന ആക്ഷേപവുമായി ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ ഐ.ജിമാരും എസ്.പിമാരും രംഗത്തെത്തിയിട്ടുണ്ട്.
മികച്ച അന്വേഷണ മികവും ശാസ്ത്രീയ വൈദഗ്ധ്യവുമുള്ളവരെ തിരഞ്ഞെടുക്കാനാണ് 7 വർഷം മുൻപ് ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് വിഭാഗങ്ങളിലേക്ക് പ്രവേശന പരീക്ഷ ഏർപ്പെടുത്തിയത്. എന്നാൽ പരീക്ഷ ഒഴിവാക്കി ഉത്തരവിറക്കിയതിൽ സർവീസിനുള്ളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സമാനമായി ഇന്റലിജൻസ് വിഭാഗത്തിലും ഇതുവരെ പരീക്ഷ നടത്തിയിട്ടില്ല.
ഇന്റലിജൻസിൽ ഈ മാസം 30-ന് പരീക്ഷ നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ സമ്മർദ്ദം ശക്തമാണ്. നിലവിൽ എല്ലാ രാഷ്ട്രീയ-ഉദ്യോഗസ്ഥ സമ്മർദ്ദങ്ങളെയും മറികടന്ന് വിജിലൻസ് വിഭാഗത്തിൽ മാത്രമാണ് മുൻ നിശ്ചയിച്ച പ്രകാരം അഭിരുചി പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചത്.















