സമൂഹമാധ്യമമായ എക്സിലൂടെയാണ് ബൽതേജ് പന്നു കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെയും എഎപി നേതാക്കളുടെയും വീടുകളിൽ ഇഡി റെയ്ഡ് നടത്തിവരികയാണെന്നും, ജനങ്ങൾ തങ്ങളെ വെറുക്കാൻ തുടങ്ങിയെന്ന് മനസ്സിലായ നരേന്ദ്ര മോദി ഭയപ്പാടിലാണെന്നുമാണ് അദ്ദേഹം ആരോപിച്ചത്. പഞ്ചാബിൽ വീടുകൾ തോറും കയറിയിറങ്ങി ഇഡി റെയ്ഡ് നടത്തുകയാണെന്നും ഈ അതിക്രമം പഞ്ചാബ് സഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊഹാലിയിലെ ഗ്മാഡ (GMADA) ഓഫീസിലുൾപ്പെടെ നടക്കുന്ന ഇഡി റെയ്ഡിനെതിരെ സംസ്ഥാനത്തുടനീളം ഇഡി ഓഫീസുകൾ ഘെരാവോ ചെയ്യുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുകയാണെന്ന് പഞ്ചാബ് മന്ത്രി ഹർപാൽ സിങ് ചീമയും ആരോപിച്ചു. തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ എൻഫോഴ്സ്മെന്റ് ഏജൻസികളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഭയപ്പെടുത്തലുകൾക്ക് പഞ്ചാബ് ഒരിക്കലും വഴങ്ങിയിട്ടില്ല, ഇനിയും വഴങ്ങുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















