ഐചി-നഗോയ (ജപ്പാൻ): 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി മെഡൽ നേട്ടങ്ങൾ തുടരുന്ന താരം നവോറെം റോഷിബിന ദേവിയെയും റോയിങ് സഖ്യമായ സത്നാം സിങ്ങിനെയും സൽമാൻ ഖാനെയും അഭിനന്ദിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രസിഡന്റ് പി.ടി. ഉഷ.
വൂഷു വനിതകളുടെ 60 കിലോഗ്രാം സാൻഡ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയാണ് റോഷിബിന ചരിത്രം കുറിച്ചത്. ഏഷ്യൻ ഗെയിംസ് വൂഷുവിൽ തുടർച്ചയായി മൂന്ന് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി റോഷിബിന മാറി. (2018-ൽ വെങ്കലം, 2022-ലും 2026-ലും വെള്ളി). ഫൈനലിൽ ചൈനയുടെ ഴാങ് ഷിയാവോയുവിനോടാണ് താരം പരാജയപ്പെട്ടത്.
പുരുഷന്മാരുടെ ഡബിൾ സ്കൾസ് റോയിങ് ഇനത്തിലാണ് സത്നാം സിങ് – സൽമാൻ ഖാൻ സഖ്യം വെങ്കല മെഡൽ സ്വന്തമാക്കിയത്. ഫൈനലിൽ 6:13.25 മിനിറ്റ് സമയത്തിലാണ് ഇരുവരും മത്സരം പൂർത്തിയാക്കി ഇന്ത്യയ്ക്കായി മെഡൽ പട്ടികയിലേക്ക് വെങ്കലം എത്തിച്ചത്.
ഇന്ത്യൻ കായിക മേഖലയ്ക്ക് വൻ അഭിമാനവും പ്രചോദനവുമാണ് ഈ താരങ്ങളുടെ നേട്ടങ്ങളെന്ന് പി.ടി. ഉഷ വിശേഷിപ്പിച്ചു.















