മാസപ്പടി കേസിലെ ഇഡി കത്തിന്മേൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടി ക്കുമെതിരെ അന്വേഷണം തീരുമാനിച്ച് സംസ്ഥാന സർക്കാർ. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടി രൂപീകരിച്ച് പ്രാഥമിക അന്വേഷണം നടത്തും. പിണറായിക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശമെങ്കിലും അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാനാണ് സർക്കാർ തീരുമാനം.
മൂന്ന് വർഷമായി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന മാസപ്പടി വിവാദത്തിലാണ് സംസ്ഥാന പൊലീസ് അന്വേഷണം. ഇഡി കത്ത് നൽകി 15 ദിവസത്തിന് ശേഷമാണ് നിർണ്ണായക നടപടി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തിയാണ് നയപരമായ തീരുമാനമെടുത്തത്. ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രമേശ് ചെന്നിത്തല വിളിച്ചുവരുത്തി. അന്വേഷണ സംഘം രൂപീകരിക്കാനുള്ള കത്ത് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി
ഡിജിപിക്ക് കൈമാറി. പിണറായി വിജയനെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാമെന്നായിരുന്നു എജിയുടെയും ഡിജിപിയുടെയും നിയമോപദേശം. എന്നാൽ ഹവാലാ ഇടപാട് വിജിലിൻസിന് അന്വേഷിക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് ആഭ്യന്തരവകുപ്പ് വിശദീകരണം. മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണ ഹർജികൾ കോടതി തീർപ്പാക്കിയതും പരിഗണിച്ചു. നേരിട്ട് എഫ്ഐആർ എടുത്താൽ പ്രതികൾ കോടതിയെ സമീപിച്ചാൽ ഉണ്ടാകുന്ന തിരിച്ചടി കണക്കിലെടുത്താണ് എസ്ഐടി അന്വേഷണമെന്ന തീരുമാനത്തിലേക്കെത്തിയതെന്നാണ് സർക്കാർ വിശദീകരണം.
ഇഡി തെളിവുകളിൽ നേരിട്ട് കേസെടുത്താൽ ഡീൽ ആക്ഷേപം ശക്തമാകുമെന്ന വിലയിരുത്തൽ കൂടി സർക്കാറിനുണ്ട്. 30 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി കേസെടുക്കുന്നത് അടക്കമുള്ള തുടർ നടപടികളിലേക്ക് നീങ്ങും. അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയാൽ പ്രത്യേക വിജിലൻസ് കേസെടുക്കണമെന്ന ശുപാർശ ഡിജിപി സർക്കാറിന് നൽകും. ചോദ്യമുനയിലേക്കെത്തുന്നത് മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമാണ്. ഒപ്പം മുൻ പൊതുമരാമത്ത് മന്ത്രിയും സിപിഎം സെക്രട്ടറിയേറ്റ് അംഗവുമായി റിയാസും പിണറായിയുടെ മകളും റിയാസിൻറെ ഭാര്യയുമായ വീണയും. അന്വേഷണത്തിൻ്റെ ഓരോ നീക്കങ്ങൾക്കും ഉള്ളത് വലിയ രാഷ്ട്രീയപ്രാധാന്യം. എഫ്ഐആർ വൈകുന്നത് അന്വേഷണത്തിന് തടസ്സമല്ലെന്നാണ് ഇഡി നിലപാട്.















