ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണ ഉപയോഗം തടയുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനുമായി നിർണായക മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന കള്ളപ്പണ കേസുകളിലെ അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് പരമോന്നത കോടതി ഉത്തരവിട്ടു.
ജനപ്രാതിനിധ്യ നിയമത്തിന്റെ അന്തസ്സത്ത നിലനിർത്താനും ജനാധിപത്യ പ്രക്രിയയിലെ പണക്കൊഴുപ്പ് നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് സുപ്രീം കോടതിയുടെ ഈ നിർദ്ദേശം.
തിരഞ്ഞെടുപ്പുകാലത്ത് പിടിച്ചെടുക്കുന്ന കണക്കിൽപ്പെടാത്ത പണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ അനിശ്ചിതമായി നീണ്ടുപോകുന്നത് കേസിന്റെ ഗൗരവം കുറയ്ക്കുമെന്നും, അതിനാൽ അന്വേഷണ ഏജൻസികൾ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കി വിചാരണയിലേക്ക് കടക്കണമെന്നും കോടതി വ്യക്തമാക്കി.
















