പാലാ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോട്ടയം ജില്ലാ സമ്മേളനം സെപ്റ്റംബർ 30 ബുധനാഴ്ച പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ ഏരിയകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചില്ലറ വ്യാപാര മേഖല മുൻപെങ്ങുമില്ലാത്തവിധം കടുത്ത തകർച്ച നേരിടുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. ഓൺലൈൻ-ഇൻസ്റ്റാമാർട്ട് വ്യാപാരങ്ങളുടെ കടന്നുകയറ്റം, വൻകിട സൂപ്പർമാർക്കറ്റുകളുടെ മത്സരം, ഉയർന്ന പ്രവർത്തനച്ചെലവ്, വായ്പാ ലഭ്യതക്കുറവ് തുടങ്ങിയവ ചെറുകിട കച്ചവടക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ ആനുകാലിക പ്രശ്നങ്ങൾ സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്യുകയും പ്രതിസന്ധി തരണം ചെയ്യാനുള്ള വരുംകാല കർമ്മരേഖ തയ്യാറാക്കുകയും ചെയ്യും.
സമ്മേളനം വിജയപ്പിക്കാൻ എല്ലാവരുടെയും സഹകരണം തേടുന്നതായി ഭാരവാഹികൾ അഭ്യർത്ഥിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ, ജില്ലാ സെക്രട്ടറി ജോജി ജോസഫ്, സ്വാഗതസംഘം ജനറൽ കൺവീനർ ബി. അജിത് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി രാജു ജോൺ, ഏരിയ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം, ഏരിയ സെക്രട്ടറി ജിനു ജോർജ്ജ് എന്നിവർ പങ്കെടുത്തു.















