വിവാദമായ സി.എം.ആർ.എൽ (CMRL) സാമ്പത്തിക ഇടപാടും മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (SIT). മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ആദ്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഇവർക്ക് സമൻസ് അയച്ചിട്ടുണ്ട്.
സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുത്ത ശേഷമാകും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യുക. തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടി എന്നിവരിൽ നിന്നും അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കും. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
മാസപ്പടിയായി 3.28 കോടി രൂപ പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് കൈക്കൂലിയായി വാങ്ങിയെന്നും, പി.എ. മുഹമ്മദ് റിയാസ് ഹവാല ഇടപാടുകൾ നടത്തിയെന്നുമുള്ള ഇ.ഡിയുടെ നിർണ്ണായക കണ്ടെത്തലുകൾ മുഴുവൻ ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ.ഡിക്ക് മുൻപ് മൊഴി നൽകിയവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും ഉയർന്ന വ്യക്തികളിലേക്കുള്ള അന്വേഷണം നീളുക. **















