തിരുവോണവും അദ്ധ്യാപകദിനവും സ്കൂളിലെ മുതിർന്ന അദ്ധ്യാപകനൊപ്പം ആഘോഷിച്ച് പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. 33 വർഷം അദ്ധ്യാപകനായി , അതിൽ 17 വർഷം പാലാ സെൻ്റ്.തോമസ് ഹൈസ്ക്കൂളിൽ സേവനം ചെയ്ത് ഇപ്പോൾ പാലാ വലവൂരുള്ള ഭവനത്തിൽ വിശ്രമജീവിതം നയിക്കുന്ന കക്കാട്ടിൽ കെ.ജെ. സഖറിയാസ് സാറിനൊപ്പം ഓണമാഘോഷിക്കുന്നതിനും അദ്ധ്യാപകദിനത്തിൻ്റെ ആശംസകൾ അറിയിക്കുന്നതിനുമാണ് കുട്ടികൾ ഭവനത്തിലെത്തിയത്.
പ്രിൻസിപ്പൽ റെജിമോൻ കെ. മാത്യു സഖറിയാസ് സാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. റോവർ ലീഡർ നോബി ഡൊമിനിക്ക് പൂക്കൾ നൽകി ആശംസകൾ നേർന്നു. കുട്ടികൾ വന്ദ്യഗുരുഭൂതന് ഓണക്കോടിയും മധുര പലഹാരങ്ങളും സമ്മാനിച്ചു. പ്രസംഗങ്ങളും ഉപന്യാസസമാഹാരങ്ങളും ഉൾപ്പെടെ 7 പുസ്തകങ്ങൾ രചിച്ചിട്ടുള്ള സഖറിയാസ് സാർ തൻ്റെ വായനാനുഭവവും എഴുത്തനുഭവവും കുട്ടികളോട് പങ്കുവച്ചു.വായിച്ചു വളരണമെന്നും അത്യാഗ്രഹം ഉപേക്ഷിക്കണമെന്നും ഉപദേശിച്ചു.
തൻ്റെ ജീവിതത്തിൽ വഴികാട്ടികളും സഹായികളുമായി വർത്തിച്ച ഗുരുഭൂതരെപ്പറ്റി നവതിയിലെത്തി നിൽക്കുന്ന സഖറിയാസ് സാർ അനുഭവങ്ങൾ പങ്കുവച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. അക്ഷരലോകത്ത് അരനൂറ്റാണ്ടിൻ്റെ പാരമ്പര്യം പേറുന്ന, ഇന്നും പാലാ സെൻ്റ്.തോമസും അവിടുത്തെ അദ്ധ്യാപകരും കുട്ടികളും സ്നേഹമഴ തീർക്കുന്ന ഹൃദയവുമുള്ള സഖറിയാസ് സാർ, നിമിഷങ്ങൾ കൊണ്ട് തീർത്ത ഗുരുസാഗരം മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് കുട്ടികൾ കക്കാട്ടിൽ വീടിൻ്റെ പടികളിറങ്ങിയത്.












