ഫാസ്റ്റ് ടാഗിൽ (Fastag) പണമില്ലാത്തതിനെ തുടർന്ന് പന്നിയങ്കര ടോൾ പ്ലാസയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞിട്ടു. ഇന്ന് രാവിലെ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന 5 ബസുകളാണ് ടോൾ പ്ലാസ ജീവനക്കാർ തടഞ്ഞത്.
ബസുകൾ വഴിയിൽ തടഞ്ഞിട്ടതോടെ പ്രതിസന്ധിയിലായ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.
മറ്റു ബസുകളിൽ യാത്ര തുടർന്ന് യാത്രക്കാർ
തർക്കം രൂക്ഷമായതോടെ ബസുകളിലുണ്ടായിരുന്ന യാത്രക്കാരെ ഇറക്കി ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപത്തേക്ക് മാറ്റിയിട്ടു. തുടർന്ന് യാത്രക്കാർ മറ്റ് ബസുകളിൽ കയറിയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തുടർന്നത്.
സംഭവത്തെ തുടർന്ന് ബസ് ജീവനക്കാർ ഉടൻ തന്നെ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. ഒടുവിൽ കണ്ടക്ടർ സ്വന്തം അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ (Google Pay) വഴി ടോൾ തുക അടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസുകൾ കടത്തിവിട്ടത്.















