തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ പൊതുവേദിയിൽ അസഭ്യ പരാമർശം നടത്തിയെന്ന പരാതിയിൽ ഡി.എം.കെ വനിതാ നേതാവിനെതിരെ ചെന്നൈ പോലീസ് കേസെടുത്തു. ഡി.എം.കെ കൗൺസിലറും പാർട്ടിയുടെ വനിതാ വിഭാഗം ചെന്നൈ ജില്ലാ ഓർഗനൈസറുമായ സുധ ദീനദയാലനെതിരെയാണ് പോലീസ് നടപടി. പരിപാടി സംഘടിപ്പിച്ച ഡി.എം.കെ ഹാർബർ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒക്ടോബർ ഏഴിന് ചെന്നൈയിൽ നടന്ന പൊതുപരിപാടിക്കിടെ സുധ ദീനദയാലൻ നടത്തിയ വിവാദ പരാമർശങ്ങളുടെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. വീഡിയോ പ്രചരിച്ചതോടെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് രാത്രിയോടെ പോലീസ് കേസെടുത്തത്. എന്നാൽ, പരിപാടിയിൽ പങ്കെടുത്തിരുന്ന കനിമൊഴി എം.പി, ചെന്നൈ മേയർ പ്രിയ, മുൻ മന്ത്രി ശേഖർ ബാബു എന്നിവർക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ലെന്നാണ് സൂചന.















