വഖഫ് ബോർഡ് പുനഃസംഘടനയെച്ചൊല്ലിയുള്ള തർക്കങ്ങളിൽ ഒടുവിൽ സമവായം. എ.പി (കാന്തപുരം) വിഭാഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താൻ തീരുമാനമായി. എ.പി വിഭാഗം നിർദ്ദേശിക്കുന്ന പ്രതിനിധിക്ക് ബോർഡിൽ അംഗത്വം നൽകും. സമവായ നീക്കങ്ങളുടെ ഭാഗമായി വഖഫ് മന്ത്രി വൈകിട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് നിർണ്ണായക സമവായ ചർച്ചകൾക്ക് നേതൃത്വം നൽകിയത്. പൊന്നാനി എം.എൽ.എ നൗഷാദ് അലിയും ചർച്ചകളിൽ സജീവമായി ഇടപെട്ടു.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെയ്ക്കും
സമവായ വ്യവസ്ഥകളുടെ ഭാഗമായി നിലവിലെ ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം എ.പി വിഭാഗം പ്രതിനിധി ഒഴിയും. കാന്തപുരം വിഭാഗത്തിൽ നിന്നുള്ള ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവി രാജിവെക്കുന്നതോടെ പകരം വഖഫ് ബോർഡിൽ എ.പി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കും.















