വൈദ്യുതി മുടക്കം മൂലം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ തിരിച്ചടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയരുന്നു. വൈദ്യുതി നിരക്കിലും ഇന്ധന സർചാർജുകളിലും വർദ്ധനവിന് വഴിതുറക്കുന്ന പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു.
അടുത്ത അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകുന്ന ഈ പുതിയ നയം വരും വർഷം ഏപ്രിൽ മാസം മുതലാണ് നടപ്പിലാക്കുക.
കെ.എസ്.ഇ.ബിയുടെ കോടികളുടെ നഷ്ടം ഉപഭോക്താക്കളുടെ ചുമലിലേക്ക്
കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് നിലവിലെ കണക്കുകൾ. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക തുകയും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും പ്രതിമാസ നിരക്കിൽ പ്രതിഫലിക്കും.















