മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ ആരോപണങ്ങളെ പാർട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിച്ച് പ്രതിരോധം തീർത്തതിനെച്ചൊല്ലി സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. വീണയ്ക്കെതിരെ അന്വേഷണം വന്നപ്പോൾ പാർട്ടി എന്തിനാണ് പ്രസ്താവനയിറക്കിയതെന്നും വ്യക്തിപരമായ കേസിൽ പാർട്ടി പ്രതിരോധം തീർക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്നുമാണ് പ്രതിനിധികൾ ചോദ്യമുയർത്തിയത്.
യോഗത്തിൽ ഉയർന്ന പ്രധാന വിമർശനങ്ങൾ പാർട്ടിയുടെ ഇരട്ടത്താപ്പിനെക്കുറിച്ചായിരുന്നു.
കോടിയേരിയുടെയും വി.എസിന്റെയും മക്കളുടെ കേസ് ചൂണ്ടിക്കാട്ടി വിമർശനം
മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസ് വന്നപ്പോൾ അത് വ്യക്തിപരമായി നേരിടട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് യോഗത്തിൽ ഉയർന്നുവന്ന പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്റെ കാര്യത്തിലും സമാനമായ സമീപനമായിരുന്നു പാർട്ടിക്ക് ഉണ്ടായിരുന്നത്.
എന്നാൽ, വീണ വിജയനെതിരായ കേസിൽ മാത്രം പാർട്ടി നേരിട്ട് ഇടപെട്ട് പ്രതിരോധം തീർത്തത് എന്തുകൊണ്ടാണെന്നും മറ്റ് മുതിർന്ന നേതാക്കളുടെ കുടുംബാംഗങ്ങളുടെ കേസുകളിൽ സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമായ സമീപനം വീണയുടെ കാര്യത്തിൽ മാത്രം സ്വീകരിച്ചത് എന്തിനാണെന്നും യോഗത്തിൽ ചോദ്യങ്ങൾ ഉയർന്നു.















