തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലെ അതൃപ്തി ചൂണ്ടിക്കാട്ടി എ.ഐ.സി.സി അധ്യക്ഷന് മുന്നിൽ പരാതിപ്പെട്ട ‘എ’ ഗ്രൂപ്പ് നീക്കത്തെ ഗൗരവത്തോടെ കണ്ട് മുഖ്യമന്ത്രി വി.ഡി സതീശനെ അനുകൂലിക്കുന്ന പക്ഷം. സംസ്ഥാന കോൺഗ്രസിലെ കെ.സി വേണുഗോപാൽ ഗ്രൂപ്പും ‘എ’ ഗ്രൂപ്പും ചേർന്ന് നടത്തുന്ന സമ്മർദ്ദ നീക്കങ്ങൾക്ക് തൽക്കാലം വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് വി.ഡി സതീശൻ ചേരി.
മുഖ്യമന്ത്രിക്കെതിരെയല്ല പരാതിപ്പെട്ടതെന്നാണ് ‘എ’ ഗ്രൂപ്പിന്റെ വിശദീകരണം. എന്നാൽ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള സംഘടിത ശ്രമമായാണ് ‘എ’ ഗ്രൂപ്പ് നീക്കത്തെ വി.ഡി സതീശൻ പക്ഷം വിലയിരുത്തുന്നത്.
മറുപരാതി നൽകേണ്ടെന്ന് തീരുമാനം ഗ്രൂപ്പ് നീക്കങ്ങൾക്കെതിരെ മറുപരാതിയുമായി എ.ഐ.സി.സിയെ സമീപിക്കേണ്ടതില്ലെന്നാണ് വി.ഡി സതീശൻ പക്ഷത്തിന്റെ തീരുമാനം. ‘എ’ ഗ്രൂപ്പിന്റെ പരാതിയിൽ എ.ഐ.സി.സി നേതൃത്വം വിശദീകരണം ചോദിച്ചാൽ മാത്രം തങ്ങളുടെ ഭാഗം വ്യക്തമാക്കിയാൽ മതിയെന്നും സതീശൻ അനുകൂലികൾ നിശ്ചയിച്ചിട്ടുണ്ട്.
















